Kerala
കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപത സുവര്ണജൂബിലി ആഘോഷങ്ങള്ക്ക് തുടക്കം കുറിച്ച് രൂപത എപ്പാര്ക്കിയല് അസംബ്ലിക്ക് കുട്ടിക്കാനം മരിയന് കോളജില് തുടക്കമായി. നാലു ദിവസത്തെ അസംബ്ലിയില് വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും 175 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ഇന്നലെ രാവിലെ ഫാ. ഡോ. സെബാസ്റ്റ്യന് പാലമൂട്ടില് ധ്യാനചിന്തകള് പങ്കുവച്ചു. തുടര്ന്ന് ബിഷപ് മാര് ജോസ് പുളിക്കല് വിശുദ്ധ കുര്ബാന അര്പ്പിച്ചു. സിഞ്ചെല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ഡോ. ജോസ് വെള്ളമറ്റവും പൊതുനിര്ദേശങ്ങള് നല്കി.
വിശ്വാസപരിശീലന ജീവിതം സംബന്ധിച്ച് ഫാ. ഡോ. ആന്ഡ്രൂസ് പാണംപറമ്പിലും, ദൈവവചനം വിശ്വാസജീവിതപരിശീലനത്തില് എന്നതില് ഫാ. ഡോ. ആന്റണി ചെല്ലംതറയിലും വിഷയാവതരണം നടത്തി. ഫാ. ഡോ. വര്ഗീസ് കൊച്ചുപറമ്പില് മോഡറേറ്ററായിരുന്നു.
ദൈവാരാധനയും ക്രൈസ്തവജീവിതവും എന്നതില് ഫാ. ഡോ. ജേക്കബ് കിഴക്കേവീട് വിഷയാവതരണം നടത്തി. ഫാ. ഡോ. ജയിംസ് ചവറപ്പുഴ മോഡറേറ്ററായിരുന്നു. എപ്പാര്ക്കിയല് അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സീറോ മലബാര് സഭാ മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടില് നിര്വഹിക്കും.
District News
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ആമുഖമായി സംഘടിപ്പിക്കപ്പെട്ട നേതൃസംഗമങ്ങൾ സമാപിച്ചു. രൂപതയിലെ 13 ഫൊറോനകളെയും കേന്ദ്രീകരിച്ച് നടന്ന സംഗമപരമ്പരയ്ക്ക് ഏപ്രിൽ 26ന് പൊൻകുന്നം ഫൊറോനയിൽ നടന്ന സമ്മേളനത്തോടെയാണ് സമാപനമായത്. മാർച്ച് 14ന് വെളിച്ചിയാനിയിലാരംഭിച്ച സംഗമങ്ങളിൽ രൂപതയിലെ വിവിധ ഇടവകകളിൽ നേതൃത്വശുശ്രൂഷ നിർവഹിക്കുന്ന ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു.
ഇടവക കൈക്കാരന്മാർ, പാരിഷ് കൗൺസിൽ സെക്രട്ടറിമാർ, ജൂബിലി കമ്മിറ്റി കൺവീനർമാർ, സൺഡേ സ്കൂൾ പ്രധാനാധ്യാപകർ, വിവിധ സംഘടനകളുടെ അധ്യക്ഷന്മാർ, കുടുംബകൂട്ടായ്മ ഏകോപന കൺവീനർമാർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സജീവ സാന്നിധ്യം സമ്മേളനങ്ങളെ ശ്രദ്ധേയമാക്കി.
വൈദിക-സന്യസ്ത-അല്മായ പ്രതിനിധി സമിതികൾ വിഭാവനം ചെയ്ത ജൂബിലി കർമപദ്ധതികൾ വിശദീകരിക്കുന്നതിനും അവ ഇടവകതലങ്ങളിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമായാണ് സംഗമങ്ങൾ ക്രമീകരിച്ചത്. രൂപത വികാരി ജനറാൾ ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പാസ്റ്ററൽ അനിമേഷൻ ഡയറക്ടറും പിആർഒയുമായ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർ സംഗമങ്ങൾക്ക് നേതൃത്വം നൽകി.
രൂപതയുടെ സുവർണ ജൂബിലി വർഷാചരണത്തിന് 12ന് കുട്ടിക്കാനം മരിയൻ കോളജിൽ തിരിതെളിയും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. 12 മുതൽ 15 വരെ മരിയൻ കോളജിൽ നടക്കുന്ന എപ്പാർക്കിയൽ അസംബ്ലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തിൽ എപ്പാർക്കിയൽ അസംബ്ലി പ്രതിനിധികൾ പങ്കുചേരും.
District News
പെരുനാട്: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് പത്തനംതിട്ട ഭദ്രാസനത്തിന്റെ 2026 പ്രവർത്തന വർഷ ഉദ്ഘാടനവും തീം പഠന സെമിനാറും പെരുനാട് കുരിശുമല തീർഥാടന പള്ളിയിൽ ഭദ്രാസന പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത നിർവഹിച്ചു.
ഭദ്രാസന പ്രസിഡന്റ് സാം കോശി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള യുവജന പ്രതിനിധികൾ പങ്കെടുത്തു . കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി മുഖ്യാതിഥിയായിരുന്നു. ഭദ്രാസന ഡയറക്ടർ ഫാ. ജോർജ് വർഗീസ് പുതുപ്പറന്പിൽ, സഭാ തല സമിതി ട്രഷറാർ പ്രിൻസ് റെജി, ഭദ്രാസന ജനറൽ സെക്രട്ടറി അബിൻ പി. ബിജു എന്നിവർ പ്രസംഗിച്ചു. മുൻ ഭദ്രാസന ജനറൽ സെക്രട്ടറി സുബിൻ തോമസ് തീം പഠന സെമിനാർ നയിച്ചു. യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായി വളർച്ച ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾക്ക് സമ്മേളനത്തിൽ തുടക്കമായി.